Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ഒരു മേഖല, ഒരു പാത (ഒബോർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള ചൈനയുടെ സ്വപ്നപദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത). മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ ചൈന ഇതുവഴി ലക്ഷ്യമിടുന്നു. ദക്ഷിണ-മധ്യ ഏഷ്യയിൽ ആധിപത്യവും യൂറോപ്പിൽ സാന്നിധ്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത് ,

(One Belt One Road (OBOR)) പദ്ധതി ചൈന അവതരിപ്പിച്ചത്. [1]

പ്രത്യേകതകൾ[തിരുത്തുക]

ഈ പാതയ്ക്ക് ഏഷ്യയൂറോപ്പ്ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ നീളമുണ്ടാകും. ചൈനയുടെ വ്യാപാരം വർധിപ്പിക്കാൻ സഹായകരമാകുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പദ്ധതിക്ക് ഏഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. ഉത്‌പാദനമേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിച്ച് മേഖലയിൽ സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഒബോറിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസന മേഖലകളിൽ ചൈന വൻനിക്ഷേപവും ഇറക്കിയിട്ടുണ്ട്. [2]

ആശങ്ക[തിരുത്തുക]

പദ്ധതിയുടെ ഭാഗമായ പാകിസ്താൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയിട്ടാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളിൽ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്.

നിക്ഷേപം[തിരുത്തുക]

പദ്ധതിയിൽ ചൈന 12,400 കോടി ഡോളർ (എട്ടു ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അതിനപ്പുറമുള്ള രാജ്യങ്ങളും തമ്മിൽ വാണിജ്യബന്ധം സ്ഥാപിക്കുന്നതിനുള്ള ഈ സ്വപ്നപദ്ധതി 2013-ലാണ് ചൈന പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വികസ്വരരാജ്യങ്ങൾക്ക് ചൈന 900 കോടി ഡോളറിന്റെ (57,757 കോടി രൂപ) സഹായം നൽകുന്നുണ്ട്. വാണിജ്യത്തിനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായാണ് ഇത്. [3]

സിപെക്[തിരുത്തുക]

ഒബോറിന്റെ ഭാഗമായുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയാണ് സിപെക് (China-Pakistan Economic Corridor-CPEC). [4] ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയെ പാകിസ്താനിലെ ഗ്വദർ തുറമുഖവുമായി ബന്ധിപ്പിക്കുകയാണ് സിപെക് വഴി ലക്ഷ്യമിടുന്നത്. 3000 കി.മീ. നീളമുള്ള ഈ ഇടനാഴി ഗിൽജിത് ബാൾട്ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. [5] പാകിസ്താനിലെ താലിബാന്റെ കേന്ദ്രമായ ബലൂചിസ്താനിലാണ് ഗ്വാദർ തുറമുഖം. ഷിൻജിയാങ് ആകട്ടെ ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയിറുക്കളുടെ കേന്ദ്രവും. ഇവിടം ചൈനീസ് തീവ്രവാദത്തിന്റെ കേന്ദ്രമായും അറിയപ്പെടുന്നു. ഭീകരരുടെ സഞ്ചാരപാതയായി ഇതുമാറാൻ എളുപ്പമാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഗ്വാദർ തുറമുഖം ഭാവിയിൽ പാകിസ്താന്റെ നാവിക ആസ്ഥാനമായി മാറാൻ ഇടയുണ്ട്. ചൈനീസ് പങ്കാളിത്തത്തോടെ പണിയുന്ന ഈ തുറമുഖത്ത് ചൈനീസ് നാവികസേനയ്ക്കും ഇടമുണ്ടാകും. പാകിസ്താനും ശ്രീലങ്കയും നേപ്പാളും ഒബോറിൽ പങ്കാളികളാകുന്നുണ്ട്. ഇതിൽ നിന്നുവിട്ടുനിന്നാലും ഫലത്തിൽ കരമാർഗവും ജലമാർഗവും ഇന്ത്യ വളയപ്പെടാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_മേഖല,_ഒരു_പാത_(ഒബോർ)&oldid=3540147" എന്ന താളിൽനിന്ന് ശേഖരിച്ചത്