Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

ഗ്രനേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രനേഡ്.

പട്ടാളക്കാർ ഉപയോഗിക്കുന്ന ചെറിയ ബോംബാണ് ഗ്രനേഡ്[1]. കൂടുതലായും കൈകൊണ്ട് എറിയുന്ന ഗ്രനേഡ്,ഗ്രനേഡ് ലോഞ്ചർ എന്ന ഉപകരണത്തിൽ ഘടിപ്പിച്ചാൽ തോക്കുകളിലൂടെയും ഫയർ ചെയ്യാവുന്നതാണ്. സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻവശത്തെ പിൻ ഊരിമാറ്റി ലിവർ (സേഫ്റ്റി ലിവർ) സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമാറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ ഗ്രനേഡിനെ പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ ഗ്രനേഡ് നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് കൂടുതൽ പ്രഹരമേൽക്കുന്നു. അതുകൊണ്ട് തന്നെ ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത് കിടക്കാറുണ്ട്. ഗ്രനേഡുകൾ രണ്ടാമത് ഉപയോഗിക്കാനാവില്ല.

ഗ്രനേഡ് എറിയുന്ന വിധം

പലതരം[തിരുത്തുക]

ഗ്രനേഡിനെ പലതായിതിരിക്കാം

ആന്റി പെഴ്‌സണൽ ഗ്രനേഡ്[തിരുത്തുക]

പൊതുവെ ശത്രു സൈനികർക്കെതിരായി ഉപയോഗിക്കുന്നവയാണിത്. കട്ടികൂടിയ ലോഹക്കൂടുകൊണ്ട് നിർമ്മിക്കുന്നവയാണിവ. പുറത്തെ ലോഹക്കൂട് പൊട്ടിത്തെറിച്ച് ലോഹച്ചീളുകളാലുണ്ടാവുന്ന അപകടങ്ങളാണ് ഇത്തരം ഗ്രനേഡുകളുപയോഗിക്കുന്നതിന്റെ ലക്ഷ്യം.

കൺക്യൂഷൻ ഗ്രനേഡ്[തിരുത്തുക]

പരിസരത്ത് അധികം നാശനഷ്ടമുണ്ടാക്കാതെ വളരെ ചെറിയ ഒരു വ്യാസത്തിൽ പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകളാണിവ. ഉദാഹരണത്തിന് കെട്ടിടത്തിനകത്തോ ബങ്കറിനുള്ളിലോ ഒളിച്ചിരിക്കുന്ന ശത്രുക്കളെ തുരത്തുന്നതിന് ഇത്തരം ഗ്രനേഡുകളാണുപയോഗിക്കുന്നത്.[2]

ആന്റി ടാങ്ക് ഗ്രനേഡ്[തിരുത്തുക]

യുദ്ധ ടാങ്കുകളേയും മറ്റ് യുദ്ധവാഹനങ്ങളേയും പോലുള്ള ഭാരിച്ച ലക്ഷ്യങ്ങളെ തകർക്കാൻ ഉപയോഗിക്കുന്നു.

സോവിയറ്റ് RPG-43 ആന്റി ടാങ്ക് ഗ്രനേഡ്

സ്റ്റൺ ഗ്രനേഡ്[തിരുത്തുക]

M84 സ്റ്റൺ ഗ്രനേഡ്

വലിയ ശബ്ദത്തോടും മിന്നലോടും കൂടി പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകളാണിവ. ഇവ ആൾനാശമുണ്ടാക്കാറില്ല. എന്നാൽ ഇവ പൊട്ടിത്തെറിക്കുമ്പോൽ പൊള്ളലേൽക്കാറുണ്ട്. പൊട്ടിത്തെറിക്കുമ്പോളുണ്ടാകുന്ന വർദ്ധിച്ച വെളിച്ചത്തിൽ മിനിട്ടുകളോളം കാഴ്ച മങ്ങിപ്പോവുകയും വർദ്ധിച്ച ശബ്ദത്താൽ കേൾവിക്ക് തകരാർ സംഭവിക്കുകയും ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്നു. കുറച്ച് സമയത്തേയ്ക്ക് ശത്രുസൈനികരുടെ ഇന്ദ്രിയബോധത്തെ നശിപ്പിക്കാനാണിവയുപയോഗിക്കുന്നത്

സ്മോക്ക് ഗ്രനേഡ്[തിരുത്തുക]

M18 സ്മോക്ക് ഗ്രനേഡ്

ഇത്തരം ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്നില്ല. പകരം പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു. ഇവ സൃഷ്ടിക്കുന്ന പുകമറയുടെ മറവിൽ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് സൈനിക നീക്കം നടക്കുന്നു. ചില സ്മോക്ക് ഗ്രനേഡുകളിൽ കണ്ണ് നീറുന്ന രാസപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. സാധാരണ 60 സെക്കന്റ് നേരമാണ് സ്മോക് ഗ്രനേഡ് പുകഞ്ഞു നിൽക്കുന്നത്.[3]

കണ്ണീർവാതക ഗ്രനേഡ്[തിരുത്തുക]

കണ്ണീർവാതക ഗ്രനേഡ് സ്മോക്ക് ഗ്രനേഡിനോട് ഘടനയിലും രൂപത്തിലും സാമ്യമുള്ളവയാണ്. ഈ ഗ്രനേഡ് പൊട്ടുന്നതോടെ പരിസരത്ത് കണ്ണീർ വാതകം വ്യാപിക്കുന്നു. പൊതുവെ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ഗ്രനേഡ് കണ്ണിൽ കടുത്ത നീറ്റലുളവാക്കുകയും ശ്വസിക്കുന്നവരുടെ മൂക്കിലും തൊണ്ടയിലും അസ്വസ്തതയുണ്ടാവുകയും ചെയ്യുന്നു.

സമയം ക്രമീകരിക്കാവുന്ന ഗ്രനേഡ്[തിരുത്തുക]

പിൻ ഊരി മാറ്റി സേഫ്റ്റി ലിവർ സ്വതന്ത്രമാകുമ്പോൾ തന്നെ കത്തിത്തുടങ്ങുന്ന ഗ്രനേഡുകളാണിവ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൈ കൊണ്ട് എറിയുന്ന ഗ്രനേഡുകളേക്കാൾ പൊതുവെ അംഗീകരിക്കപ്പെട്ടതും ഇത്തരം ഗ്രനേഡുകളാണ്. എന്തെന്നാൽ ഇവയുടെ ഫ്യൂസിന്റെ നിർമ്മാണരീതി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്. ഗ്രനേഡിന്റെ പ്രധാന കർത്തവ്യം തന്നെ ഏറ്റവും അടുത്തുള്ള (കൈ കൊണ്ട് എറിയാവുന്ന ദൂരപരിധിയിലുള്ള) ശത്രുവിനെ കൊല്ലുക അല്ലെങ്കിൽ പരമാവധി നാശം വിതക്കുക എന്നതാണ്. പൊട്ടിത്തെറിക്കുമ്പോൾ നാലുവശത്തേയ്ക്കും അനേകം ചെറുകഷണങ്ങൾ ചിതറുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.

ഗ്രനേഡിന്റെ ഭാഗങ്ങൾ[തിരുത്തുക]

ഗ്രനേഡിന്റെ പരിഛേദം (ചിത്രത്തിൽ) കാണുക.

ഗ്രനേഡിന്റെ പരിഛേദം.
  1. സേഫ്ടി പിൻ
  2. സ്ട്രൈക്കർ
  3. വെടിമരുന്ന് നിറക്കുന്ന ദ്വാരം
  4. സ്പ്രിങ്ങ്
  5. സ്ട്രൈക്കർ ലിവർ
  6. വെടിമരുന്ന്
  7. ഡെറ്റോണേറ്റർ
  8. പെർക്യൂഷൻ ക്യാപ്പ്
  9. ഇരുമ്പ് പുറംചട്ട
  10. വെടിമരുന്ന് തിരി

ഗ്രനേഡ് പ്രവർത്തിക്കുന്ന രീതി[തിരുത്തുക]

ഏറ്റവും പുറമേയുള്ള ഇരുമ്പ് കൊണ്ടുണ്ടാക്കിയ പുറംചട്ട ഒരു മെക്കാനിസത്തെ പൊതിഞ്ഞിരിക്കുന്നു. അതിനു ചുറ്റും സ്ഫോടനത്തിനായി വെടിമരുന്നും നിറച്ചിരിക്കുന്നു. ഒരു സ്ട്രൈക്കർ, സ്പ്രിങ്ങിനാൽ അമർത്തപ്പെട്ട്, സ്ട്രൈക്കർ ലിവറിനാൽ തടയപ്പെട്ട്, ഗ്രനേഡിന്റെ ഉൾവശത്തു നിന്നും പുറത്തേയ്ക്ക് നീണ്ട് നിൽക്കുന്നു. ഈ സ്ട്രൈക്കർ ലിവറിനെ സേഫ്റ്റി പിന്നിനാൽ സുരക്ഷിതമായി അമർത്തിവെച്ചിരിക്കുന്നു. എപ്പോഴാണോ സേഫ്റ്റി പിൻ ഊരിമാറ്റുന്നത്, അതുവരെ ഈ സ്ട്രൈക്കർ ലിവർ സുരക്ഷിതമായി അമർന്നിരിക്കുന്നു.

സേഫ്റ്റി പിൻ ഊരിമാറ്റുന്നതോടെ സംഭവിക്കുന്നത്:[തിരുത്തുക]

  • സേഫ്റ്റി പിൻ ഊരിമാറ്റിയെങ്കിലും ലിവർ, ഗ്രനേഡ് എറിയുന്നയാളുടെ കൈയ്യിൽ അമർന്നിരിക്കുന്നതിനാൽ യാതൊന്നും സംഭവിക്കുന്നില്ല.
  • എന്നാൽ ഗ്രനേഡ് എറിയുന്നതോടെ (വായുവിൽ) സ്പ്രിങ്ങിൽ നിന്നും ഊർജ്ജം സംഭരിച്ച് സ്ട്രൈക്കർ പെർക്യുഷൻ ക്യാപ്പിൽ ചെന്നിടിക്കുന്നു. ഈ പ്രവൃത്തി പെർക്യൂഷൻ ക്യാപ്പിനുള്ളിലെ വെടിമരുന്നിനെ ജ്വലിപ്പിക്കുന്നു. അതോടെ വെടിമരുന്നു തിരി കത്തിത്തുടങ്ങുന്നു. ഗ്രനേഡ് വായുവിലുള്ളപ്പോൽ ഈ തിരി സാവധാനം കത്തിക്കൊണ്ടിരിക്കും. (ഗ്രനേഡിന്റെ സമയം ഈ തിരിയിലൂടെ ക്രമീകരിക്കാവുന്നതാണ്)
  • ഈ തിരിയുടെയറ്റം ഡെറ്റോണേറ്ററുടെ കൂടെ ബന്ധിപ്പിച്ചിരിക്കുന്നു. തീ ഡെറ്റോണേറ്ററിൽ എത്തുന്നതോടെ മിന്നൽ വേഗത്തിൽ കത്തി ഗ്രനേഡിൽ നിറച്ചിരിക്കുന്ന വെടിമരുന്നിലേയ്ക്ക് തീ പടരുകയും ഉഗ്രസ്ഫോടനമുണ്ടാവുകയും ചെയ്യുന്നു.
  • അതോടെ പുറംചട്ട നിർമ്മിച്ചിരിക്കുന്ന ഇരുമ്പ്, ചെറു ചീളുകളായി, വർദ്ധിച്ച വേഗതയിൽ, നാലുപാടും ചിതറുകയും ഗ്രനേഡിന്റെ പരിധിയിലുള്ളവരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നു.

ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, വിയറ്റ്നാം യുദ്ധം തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിലെല്ലാം ഗ്രനേഡുകൾ ധാരാളമായി ഉപയോഗിച്ചു വന്നു. താരതമ്യേന ഉപയോഗിക്കുവാനും നിർമ്മിക്കുവാനുമുള്ള ലാളിത്യമാണ് ഗ്രനേഡുകളുടെ അമിത ഉപയോഗത്തിന് കാരണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ബ്രിട്ടാനിക്ക, എൻസൈക്ലോപ്പീഡിയ. "grenade". ബ്രിട്ടാനിക്ക. Retrieved 2013 ജൂൺ 5. {{cite web}}: Check date values in: |accessdate= (help)
  2. കംബൈൻഡ് ആംസ് സെന്റർ, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി. "hand grenade Mk32". Retrieved 2013 ജൂൺ 5. {{cite web}}: Check date values in: |accessdate= (help)
  3. കംബൈൻഡ് ആംസ് സെന്റർ, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമ്മി. "hand grenade M18". Archived from the original on 2012-09-26. Retrieved 2013 ജൂൺ 5. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രനേഡ്&oldid=3630780" എന്ന താളിൽനിന്ന് ശേഖരിച്ചത്