Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Picidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരംകൊത്തി
കേരളത്തിൽ കാണപ്പെടുന്ന നാട്ടുമരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Picinae
Genera

അനവധി. ലേഖനം വായിക്കുക.

പിസിഫോമസ് (Piciformes) എന്ന പക്ഷിഗോത്രത്തിലെ പിസിഡേ (Picidae) കുടുംബത്തിലെ പിസിനേ (Picinae) ശാഖയിൽപ്പെട്ട പക്ഷികൾ പൊതുവായി മരംകൊത്തികൾ (Woodpeckers) എന്നറിയപ്പെടുന്നു. ഓസ്ട്രേലിയ, മഡഗാസ്കർ, അന്റാർട്ടിക്ക എന്നിവിടങ്ങളൊഴികെ ലോകെത്തെല്ലായിടത്തും മരംകൊത്തികളെ കാണാം. ലോകത്താകെ നൂറ്റെൺപതോളം മരംകൊത്തി ഇനങ്ങളുണ്ട്. വനമ്പ്രദേശങ്ങളും മരങ്ങൾ ഏറെയുള്ള സ്ഥലങ്ങളുമാണ്‌ സാധാരണയായി ഈ പക്ഷികളുടെ ആവാസകേന്ദ്രം. എന്നാൽ ചിലയിനം മരംകൊത്തികളെ മരുപ്രദേശങ്ങളിലും കാണാറുണ്ട്. വനനശീകരണം മൂലം ഒട്ടേറെ ഇനം മരംകൊത്തികൾ വംശനാശഭീഷണി നേരിടുന്നുണ്ട്. നാലു മുതൽ 11 വർഷം വരെയാണ്‌ മരംകൊത്തികളുടെ ആയുസ്.

രൂപഘടന

[തിരുത്തുക]

നീണ്ട് കൂർത്ത ചുണ്ടാണ്‌ മരംകൊത്തികൾക്ക് പൊതുവായുള്ള സവിശേഷത. ഉളിപോലെ മൂർച്ചയേറിയ ചുണ്ടുകളുപയോഗിച്ച് വൃക്ഷങ്ങളുടെ പുറം‌പാളികൾ കൊത്തിപ്പൊളിച്ചാണ്‌ ഇവ സാധാരണയായി ഇരതേടുന്നത്. മരപ്പൊത്തുകളിൽ നിന്നും ഇരകളെ വലിച്ചെടുക്കാൻ സഹായിക്കുന്ന നീണ്ട നാക്കാണ്‌ മരംകൊത്തികളുടെ മറ്റൊരു പ്രത്യേകത. നാക്ക് പശപോലെയുള്ള ദ്രാവകത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കും. എന്നാൽ തത്തകൾ, കുയിൽ വർഗ്ഗങ്ങൾ എന്നിവയെപ്പോലെ മരംകൊത്തികളുടെ കാലുകളിൽ ഈരണ്ടു വിരലുകൾ വീതം മുന്നിലേക്കും പിറകിലേക്കുമായാണ്‌ കാണപ്പെടുന്നത്. തടിയിൽ ശക്തിയോടെ കൊത്തുമ്പൊൾ നിലയുറപ്പിക്കാനും മരങ്ങളിൽ അനായസമായി കയറാനും ഈ പാദങ്ങൾ സഹായകമാകുന്നു.

15 സെ.മീ മാത്രം വലിപ്പമുള്ള പിഗ്മി മരംകൊത്തിയാണ്‌ ഏറ്റവും ചെറുത്. ഏറ്റവും വലിയ ഇനങ്ങളായ ഇമ്പീരിയൽ മരംകൊത്തിയും(600 ഗ്രാം, 58 സെ.മീ) ഐവറി ബിൽഡ് മരംകൊത്തിയും (500 ഗ്രാം, 50 സെ.മീ) അന്യംനിന്നുപോയെന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്രത്യക്ഷമായെന്നു കരുതപ്പെട്ടിരുന്ന ഐവറി ബിൽഡിനെ 2005-ൽ അമേരിക്കയിലെ അർക്കൻസായിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏതായാലും ഭൂമുഖത്ത് നിലവിലുണ്ട് എന്നുറപ്പുള്ള മരംകൊത്തികളിൽ ഏറ്റവും വലുത് തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഗ്രെയ്റ്റ് സ്ലേറ്റി മരംകൊത്തിയാണ്‌ (450 ഗ്രാം, 50 സെ.മീ).

ഉറുമ്പുകളും ചെറുവണ്ടുകളും ഉൾപ്പെടെയുള്ള കീടങ്ങൾ, പുഴുക്കൾ തുടങ്ങിയവയാണ്‌ മരംകൊത്തികളുടെ പ്രധാന ഭക്ഷണം. ചില ഇനങ്ങൾ പഴങ്ങളും, വിത്തുകളും ആഹാരമാക്കുന്നു.

പ്രജനനം

[തിരുത്തുക]

കേടുവന്ന വൃക്ഷങ്ങളിൽ പൊത്തുകളുണ്ടാക്കിയാണ്‌ മിക്കവാറും മരംകൊത്തികൾ കൂടൊരുക്കുന്നത്. മരുപ്രദേശങ്ങളിലുള്ള ചിലയിനങ്ങൾ കള്ളിമുൾച്ചെടികളുടെയും മറ്റും ദ്വാരങ്ങളിലാണ്‌ കൂടുകൂട്ടുന്നത്. ഇനിയും ചിലയിനങ്ങളാകട്ടെ പ്രജനനകാലത്ത് മണ്ണിൽ കുഴികളുണ്ടാക്കുന്നു. മിക്ക ഇനങ്ങളും ഒരു സീസണിൽ ഒരു തവണമാത്രമേ കൂടൊരുക്കാറുള്ളൂ. ആൺകിളികളാണ്‌ സാധാരണയായി മരപ്പൊത്തുകളുണ്ടാക്കാൻ കൂടുതൽ അധ്വാനിക്കുന്നത്. ഒരു മാസത്തോളമെടുക്കും ഇത്തരമൊരു പൊത്തുണ്ടാക്കാൻ. ഒരു കൂട്ടിൽ രണ്ടുമുതൽ അഞ്ചുവരെ മുട്ടകൾ കാണും. പെൺകിളികളും ആൺകിളികളും മാറിമാറി അടയിരിക്കുന്നു. ആൺകിളികൾ മിക്കവാറും രാത്രികാലങ്ങളിലാണ്‌ അടയിരിക്കുന്നത്. 11 മുതൽ 14 ദിവസം‌വരെയെടുക്കും മുട്ടവിരിയാൻ. 18-30 ദിവസങ്ങളോടെ കുഞ്ഞിക്കിളികൾ കൂടുപേക്ഷിക്കാൻ പ്രാപ്തമാകുന്നു. പ്രജനനത്തിനുശേഷം മരംകൊത്തികൾ ഉപേക്ഷിക്കുന്ന പൊത്തുകൾ മറ്റു കിളികൾ താവളമാക്കാറുണ്ട്.

മരംകൊത്തി ഇനങ്ങൾ

[തിരുത്തുക]
റെഡ് ബെല്ലീഡ് വുഡ്പെക്കർ
  • ജനുസ്സ്: ഫൈറാപികസ്
വില്യംസൺസ് സാപ്സക്കർ.ഇടത് ആൺകിളി, വലത് പെൺകിളി.

കേരളത്തിൽ കാണപ്പെടുന്ന മരംകൊത്തികൾ

[തിരുത്തുക]
കേരളത്തിലെ ഗോൾഡൻബാക്ക്‌ഡ് വുഡ്പെക്കർ
"https://ml.wikipedia.org/w/index.php?title=മരംകൊത്തി&oldid=3765452" എന്ന താളിൽനിന്ന് ശേഖരിച്ചത്